02:14am 05 June 2026
NEWS
ബിവൈഡിയുടെ നിർമാണ ശാലയിൽ വൻ തീപ്പിടിത്തം
15/04/2026  04:21 PM IST
nila
ബിവൈഡിയുടെ നിർമാണ ശാലയിൽ വൻ തീപ്പിടിത്തം

ചൈനയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡിയുടെ നിർമാണ ശാലയിൽ വൻ തീപ്പിടിത്തം. ഷെൻഷെൻ നഗരത്തിലെ പിങ്ഷാൻ ജില്ലയിൽ പ്രവർത്തിക്കുന്ന പ്ലാന്റിലെ മൾട്ടി-ലെവൽ പാർക്കിങ്ങ് മേഖലയിലാണ് തീപിടുത്തമുണ്ടായത്. തീ പടർന്നതോടെ കറുത്ത പുക ആകാശത്തേക്ക് ഉയർന്ന് പ്രദേശം മുഴുവൻ മൂടി ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചു. എന്നാൽ, ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക അഗ്നിശമന സേനയുടെ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പരീക്ഷണയോട്ടത്തിനായി ഉപയോഗിച്ച വാഹനങ്ങളും ഉപയോഗത്തിലില്ലാത്ത കാറുകളും പാർക്ക് ചെയ്തിരുന്ന ഭാഗത്താണ് അ​ഗ്നിബാധയുണ്ടായത് എന്നാണ് വിവരം. ഉപഭോക്താക്കൾക്ക് കൈമാറാനിരുന്ന പുതിയ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ വിവിധ നിലകളിലേക്ക് തീ വേഗത്തിൽ പടരുന്നതും കനത്ത പുക പരിസരത്തേക്ക് വ്യാപിക്കുന്നതും കാണാം. തീ പൂർണമായും അണയ്ക്കുന്നതിനായി രക്ഷാപ്രവർത്തനം തുടരുകയാണ്.

ആദ്യഘട്ട വിലയിരുത്തലുകൾ പ്രകാരം കെട്ടിട നിർമ്മാണത്തിലെ ചില അശാസ്ത്രീയതകളാണ് തീ പടരാൻ കാരണമാകാൻ സാധ്യതയെന്ന് സൂചനയുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടേയോ ബാറ്ററി നിർമ്മാണത്തിന്റേയോ തകരാറുകൾ ഇതിന് പിന്നിലില്ലെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, തീപ്പിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. ലോകമെമ്പാടും ഇലക്ട്രിക് വാഹന രംഗം വേഗത്തിൽ വളരുന്നതിനിടെയാണ് ബിവൈഡിക്ക് ഈ സംഭവം ഒരു തിരിച്ചടിയായി മാറുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img